.................... നന്മയുടെ ഗ്രാമം - ചോമ്പാല......

26 September 2014

നവരാത്രി ആഘോഷം - ചോമ്പാല്‍ ശ്രീ അയ്യപ്പ ക്ഷേത്രം



മുക്കാളി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷം പൂര്‍വ്വാധികം ഭംഗിയോടെ കൊണ്ടാടുന്നു . ഒക്ടോബര്‍ 1,2,3 എന്നീ തീയ്യതികളില്‍ ഗ്രന്ഥപൂജ ,വാഹനപൂജ , വിദ്യാരംഭം എന്നിവ ഉണ്ടായിരിക്കുന്നതാണ്....


 
ഒക്ടോബര്‍1ന് ഗ്രന്ഥ പൂജ


            ഒക്ടോബര്‍ 1 ന് വൈകുന്നേരം ഗ്രന്ഥം പൂജക്കായി വെക്കുകയും ഒക്ടോബര്‍ 3 ന് രാവിലെ പൂജക്ക് ശേഷം ഗ്രന്ഥം എടുക്കുകയും ചെയ്യുന്നു. ഗ്രന്ഥപൂജക്ക് താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 1 ന് വൈകുന്നേരം 4 മണിക്ക് മുന്‍പ് ഗ്രന്ഥം ക്ഷേത്രത്തില്‍ എത്തിക്കേണ്ടതുംഒക്ടോബര്‍ 3 ന്  കാലത്ത് തിരിച്ച് വാങ്ങേണ്ടതുമാണ് 


ഒക്ടോബര്‍ 2 ന്  വാഹന പൂജ

     വാഹന പൂജ ഒക്ടോബര്‍ 2 ന് വൈകുന്നേരം 7.30 ന് ആരംഭിക്കുന്നു. വാഹന പൂജക്ക് താല്‍പര്യമുള്ളവര്‍ വാഹനങ്ങളുമായി നേരത്തെ തന്നെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് റസീറ്റ് വാങ്ങേണ്ടതാണ്


          


വിദ്യാരംഭം ഒക്ടോബര്‍ 3 ന്


         ഒക്ടോബര്‍ 3 ന് വിജയദശമി ദിനത്തില്‍ കാലത്ത് 8 മണി മുതല്‍ കുട്ടികളെ എഴുത്തിനിരുത്തി വിദ്യാരംഭം കുറിക്കുന്നു. കുറുങ്ങോട്ട് ഇല്ലത്ത് ദയചന്ദ്രന്‍ നമ്പൂതിരിയാണ് കുട്ടികളെ എഴുത്തിന് ഇരുത്തുന്നത് . താല്‍പര്യമുള്ളവര്‍ കുട്ടികളെ 8 മണിക്ക് മുന്‍പായി ക്ഷേത്രത്തില്‍ എത്തിക്കേണ്ടതാണ്. എഴുത്തിനിരുത്തേണ്ട കുട്ടികളുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.




ബന്ധപ്പെടേണ്ട നമ്പറുകള്‍ : 
    * 9446357733  ,  * 9497154945  , * 9745769161



22 September 2014

നമ്മുടെ ഗ്രാമത്തിന്റെ കലാകാരൻ

കെ.പി. സുവീരൻ


         മ്മുടെ നാട്ടുകാരനായ ചലച്ചിത്ര സംവിധായകനും മലയാളനാടക സംവിധായകനുമാണ് കെ.പി. സുവീരൻ. ബ്യാരി ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരി ഇദ്ദേഹമാണ് സംവിധാനം ചെയ്തത്. ഇദേഹത്തിന്റെ ആദ്യ ചലച്ചിത്രസംവിധാന സംരംഭവുമാണ് ബ്യാരി. 2011-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് ബ്യാരി ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരി.

  അഴിയൂരിൽ കുഞ്ഞിരാമൻ നമ്പ്യാരുടെയും കൗസല്യയുടെയും മകനായി ജനിച്ചു. അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ , അഴിയൂർ ഹൈസ്കൂൾ , കൂത്തുപറമ്പ് നിർമലഗിരി കോളേജ്, മടപ്പള്ളി ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിലും പഠിച്ചു. തുടർന്ന്നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം പെർഫോമിങ് ആർട്സിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ ബിരുദം നേടി. 

         ജി. ശങ്കരപ്പിള്ളയുടെ 'ഭരതവാക്യം', 'ചക്രം' സംഗീത നാടക അക്കാദമി അവാർഡ് നേടിയ അഗ്‌നിയും വർഷവും സക്കറിയയുടെ 'ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും' സി.വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' തുടങ്ങിയവയാണ് സുവീരന്റെ പ്രധാന നാടകങ്ങൾ. 'മേരിയും ലോറൻസും', ക്രോസസ്, സൗണ്ട്‌മെഷീൻ തുടങ്ങിയ നിരവധി ഹ്രസ്വസിനിമകൾ ചെയ്തു.  ഗുജറാത്ത്, ജബൽപൂർ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിൽ നാടക പ്രവർത്തനം നടത്തി ദളിത് ജനവിഭാഗത്തിന്റെ ആദരവ് നേടി. കേന്ദ്രസർക്കാർ സംഘടിപ്പിച്ച ദേശീയതല നാടക മത്സരങ്ങളിലും സമ്മാനാർഹനായി. ഭൂപൽകാക്കർ എന്ന വിഖ്യാത ചിത്രകാരനോടൊപ്പം മുംബൈയിൽ ഡിസൈൻ എക്സിക്യൂട്ടീവായി പ്രവർത്തിച്ചു. ഫരീദാമേത്തയുടെ കാലിസൽവാർ എന്ന ഹിന്ദി ചലചിത്രത്തിന്റെ അണിയറയിലും പ്രവർത്തിച്ചു. 

     മലയാളത്തിൽ ഉദയനാണ് താരം, കഥപറയുമ്പോൾ എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തു.മുപ്പതിൽപരം നാടകങ്ങളുടെ രചയിതാവും നാല് ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകനുമാണ് ഇദ്ദേഹം . സ്കൂൾ ഓഫ് ഡ്രാമയിലും ദൽഹി സ്കൂൾ ഓഫ് ഡ്രാമയിലും പഠനം നടത്തി. നാടകത്തിന് നാലുതവണ സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചു. ഭാര്യയുടെ പേര്  അമൃത സുവീരൻ .ഇവര്‍ ഒരു നാടക സംവിധായികയാണ്. രണ്ട് കുട്ടികള്‍ ഉണ്ട് . കേകയും ,  ഐകയും

സുവീരൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രങ്ങൾ :
ക്രോസ് ഡിസ്ട്രാക്ഷൻ
മേരിയും ലോറൻസും
സൗണ്ട് മെഷീൻ

ഇദ്ദേഹത്തെ തേടിയെത്തിയ മറ്റു പുരസ്കാരങ്ങൾ :
സംഗീത നാടക അക്കാദമി അവാർഡ് (ഉടമ്പടിക്കോലം - 1997)
സംഗീത നാടക അക്കാദമി അവാർഡ് (അഗ്നിയും വർഷവും - 2002)
സംഗീത നാടക അക്കാദമി അവാർഡ് (ആയുസ്സിന്റെ പുസ്തകം - 2008)
പഞ്ചാബ്, ഹിന്ദി ഭാഷകൾ സമന്വയിപ്പിച്ച് "യെർമ" എന്ന നാടക പരീക്ഷണത്തിന് പഞ്ചാബ് സർക്കാർ അവാർഡ് നൽകി

17 September 2014

നമ്മുടെ കുഞ്ഞിപ്പള്ളിയിലും ഉണ്ട് ഒരു "CHECK POST"



കുഞ്ഞിപ്പള്ളി വില്‍പ്പന നികുതി ചെക്ക് പോസ്റ്റ്”. മ്മുടെ കുഞ്ഞിപ്പള്ളിയിലും ഉണ്ട് ഒരു ചെക്ക് പോസ്റ്റ്...  . നിന്ന് തിരിയാന്‍ ഇടമില്ലാത്ത , ആവശ്യത്തിന് സ്ഥലസൌകര്യമില്ലാത്ത ഒരു ചെക്ക് പോസ്റ്റ് ....   ഈ ഓഫീസ് ഉടന്‍ മാറ്റണമെന്ന ജീവനക്കാരുടെ നിരന്തരമായ ആവശ്യത്തിന് മുന്നില്‍ അധികൃതര്‍ കണ്ണു തുറക്കുന്നില്ല. മതിയായ പരിശോധനാ സൌകര്യങ്ങള്‍ ഒന്നും തന്നെ ഇവിടെയില്ല. ജില്ലയിലെ മറ്റ്  ചെക്ക് പോസ്റ്റുകളായ ഫറൂക്ക് , താമരശ്ശേരി ചെക്ക് പോസ്റ്റുകളേക്കാള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഇവിടെ അസൌകര്യങ്ങള്‍ തുടര്‍ക്കഥയാകുന്നു. ജില്ലാ അതിര്‍ത്തി എന്നതിന് പുറമെ മാഹിയില്‍ നിന്ന് വളരെ അടുത്തായാണ് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. നികുതി വെട്ടിപ്പിന് ഏറെ സാധ്യതയുള്ള സ്ഥലമാണ് ഇത്. 

ദിവസവും ആയിരത്തോളം വാഹന ങ്ങള്‍ ഇവിടെ പരിശോധനക്ക് എത്തുന്നുണ്ട് . ലോറി ജീവനക്കാര്‍ മഴയത്തും വെയിലത്തും വളരെ ബുദ്ധി മുട്ടിയാണ് പരിശോധന ക്കായി കാത്തുനില്‍ക്കുന്നത്. ഈ കാഴ്ചകള്‍ ഒന്നും തന്നെ കാണേണ്ടവര്‍ കാണുന്നില്ല എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്.....


                 6 വര്‍ഷം മുന്‍പ് ചെക്കപോസ്റ്റിന്‍റെ അസൌകര്യം കണക്കിലെടുത്ത് തൊട്ടടുത്തഅണ്ടിക്കമ്പനി ഭാഗത്തേക്ക് ചെക്ക് പോസ്റ്റ് മാറ്റുമെന്ന് പറഞ്ഞിരുന്നു. ഇതിനായി അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ വ്യവസായ വകുപ്പിലും കാഷ്യൂ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷനിലും പദ്ധതി സമര്‍പ്പിച്ചിരുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലം വിട്ടുകിട്ടാന്‍ നടപടികള്‍ മുന്നോട്ട് പോയെങ്കിലും ഭരണം കടലാസില്‍ മാത്രമായി ഒതുങ്ങി. പന്ത്രണ്ടോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ചെക്ക് പോസ്റ്റ് നിലവില്‍ കുഞ്ഞിപ്പള്ളി ടൌണിലെ ഒരു കുടുസു മുറിയിലാണ് .മഴക്കാലമായാല്‍ റോഡില്‍ നിന്നൊഴുകിയെത്തുന്ന മലിനജലം ഓഫീസില്‍ വന്ന് നിറയും. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ഫയലുകള്‍ സൂക്ഷിക്കാന്‍ പോലും സൌകര്യം ഇല്ല. പ്രാഥമിക സൌകര്യങ്ങള്‍ക്ക് പോലും ജീവനക്കാര്‍ ബുദ്ധിമുട്ടുന്നു

                
  
       രു വര്‍ഷം മുന്‍പ് വ്യവസായ വകുപ്പിന് വില്‍പ്പന നികുതി വകുപ്പ് പഴയ അണ്ടിക്കമ്പനിയിലേക്ക് ചെക്ക് പോസ്റ്റ് മാറ്റാന്‍ പ്രെപ്പോസല്‍ നല്‍കിയെങ്കിലും എവിടെയുമെത്തിയില്ല. പാലക്കാട് മോഡല്‍ കണ്ടെയ്നര്‍ ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ അധികൃതര്‍ കുഞ്ഞിപ്പള്ളി ചെക്ക് പോസ്റ്റിന്‍റെ കാര്യത്തില്‍ നിസ്സംഗത തുടരുകയാണ്......
      
    

15 September 2014

വരുന്നു...ചോമ്പാലയില്‍ ഒരു ഹോമിയോ ഡിസ്‌പെന്‍സറി...

അഴിയൂര്‍ ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം സെപ്തംബര്‍ 20-ന്‌










അഴിയൂര്‍ പഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി മുക്കാളി റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തനം നടത്താന്‍ അനുമതിയായി. ആരോഗ്യ വകുപ്പ് എന്‍.ആര്‍.എച്ച്.എമ്മിന്റെ കീഴിലാണ് പ്രവര്‍ത്തനം.
ഉദ്ഘാടനം 2014 സെപ്തംബര്‍ 20-ന്‌ രാവിലെ ഒമ്പത് മണിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ ശശിധരന്‍, പി.പി. ശ്രീധരന്‍, പാമ്പള്ളി ബാലകൃഷ്ണന്‍, പ്രദീപ് ചോമ്പാല, എ.ടി. ശ്രീധരന്‍, വി.പി. പ്രകാശന്‍, സൂപ്പി കുനിയില്‍, പി. നാണു, കെ.വി. രാജന്‍, എന്നിവര്‍ സംസാരിച്ചു.
ആയിഷ ഉമ്മര്‍ (ചെയ.), റീന രയരോത്ത് (ജന. കണ്‍.), പി. രാഘവന്‍ (ട്രഷ.) എന്നിവരാണ് ഭാരവാഹികള്‍

 നോട്ടീസ് :


 ഉത്ഘാടനം :
   




 



13 September 2014

മാഹി  - "മദ്യനിരോധനത്താല്‍ കുഴങ്ങുന്ന മലയാളിക്ക് ചോമ്പാലക്കാരുടെ  ഉത്തരം"



                               
            പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്നു പറഞ്ഞതുപോലെയാണ് മാഹിയുടെ കാര്യം. കേരളത്തില്‍ മദ്യനിരോധനം വന്നാലും കേന്ദ്ര ഭരണപ്രദേശമായ ഇവിടെ അതൊന്നും ബാധകമാവില്ല. ഫലമോ കുടിയന്മാര്‍ വണ്ടിവിളിച്ച് മാഹിയിലെത്തും.

          സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കുന്നതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന മലയാളിക്കുള്ള ഉത്തരമാണ് മാഹി. കണ്ണൂര്‍ ജില്ലയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന മാഹിയില്‍ കച്ചവടം പൊടിപൊടിക്കുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.

       മധ്യകേരളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ ട്രെയിനിലെത്തി മാഹിയില്‍ നിന്ന് മദ്യം വാങ്ങി മടങ്ങുന്നുണ്ട്. നിരോധനം കൂടിയാകുന്നതോടെ ഇക്കൂട്ടരുടെ എണ്ണം ഗണ്യമായി ഉയരുമെന്നും കച്ചവടം കുത്തനെ ഉയരുമെന്നുമാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുള്ള കുടിയന്മാര്‍ക്കാകും മാഹി ഏറെ ആശ്വാസമാകുക.62 മദ്യവില്‍പ്പന ശാലകളാണ് ഇപ്പോള്‍ മാഹിയിലുള്ളത്. നിരോധനം വരുന്നതോടെ ഇത് പോരാതെ വരുമോയെന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.