.................... നന്മയുടെ ഗ്രാമം - ചോമ്പാല......

ചരിത്രം

          ടത്തനാടിന്റെ സാംസ്കാരിക നവോത്ഥാന കേന്ദ്രങ്ങളിൽ ഒന്നായി  അറിയപ്പെട്ടിരുന്ന അഴിയൂർ എന്ന ഈ കൊച്ചു പ്രദേശത്തിന്റെ നാമകരണം തന്നെ അറബിക്കടൽ എന്ന ആഴിയുടെയും മയ്യഴിപ്പുഴ എന്ന ആറിന്റെയും കര സ്പർശം ഏറ്റു പരിലസിക്കുന്ന ഭൂപ്രദേശം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
        
              ചേര സാമ്രാജ്യത്തിന്റെ പതന ശേഷം അഴിയൂർ പ്രദേശം കോലത്തിരിയുടെ ഭരണത്തിൻ കീഴിലായിരുന്നു. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ കോലത്തിരിയുടെ സാമന്തനായ തെക്ക് ഇളംകൂർ കടത്തനാട് പോർലാ തിരി രാജവംശം സ്ഥാപിച്ചതോട് കൂടി അഴിയൂർ ദേശം കടത്തനാട് വാഴുന്നവരുടെ കീഴിലായി. ഇതിൽ കണ്ണംവള്ളി നമ്പൂതിരി എന്നാ ദേശവാഴിക്കായിരുന്നു അഴിയൂരിന്റെ ചുമതല. നാടിലെ പരിഹരിക്കാതെ പോകുന്ന പ്രശ്നങ്ങൾ തീർപ്പ്  കൽപിക്കാൻ ദേശവാഴിയുടെ കീഴിൽ നാട്ടുകൂട്ടങ്ങൾ ഉണ്ടായിരുന്നു. അഴിയൂർ ശ്രീ പരദേവത ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തു ഒരു പ്രത്യേക തറയിൽ നാടുവാഴിയുടെ പ്രതിനിധിയും നായർ സമുദായത്തിന്റെ പ്രതിനിധിയായി ചാലിയാടൻ കുറുപ്പും തിയ്യ സമുദായത്തിന്റെ പ്രതിനിധിയായി കാരായി തറവാട്ടിലെ കാരണവരും മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയായി  കരകെട്ടി തറവാട്ടിലെ കാരണവരും ഒത്തുള്ള നാട്ടുകൂട്ടം നടന്നിരുന്നു. പിൽക്കാലത്ത്‌ ഈ നാട്ടുക്കൂട്ടത്തിന്റെ ചുമതല പഞ്ചായത്ത്‌ എന്ന് പറയുന്ന സമിതിക്കായിരുന്നു.
         
                ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കൽപം സ്വാതന്ത്ര്യാനന്തരം നടപ്പാക്കുന്നതിനു വേണ്ടി നമ്മുടെ പ്രഥമ പ്രധാനമന്ത്രി പഞ്ചായത്തുകൾ രൂപീകരിക്കണം എന്ന് നിർദേശം നൽകിയതിന്റെ വെളിച്ചത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഗ്രാമങ്ങളെ അടിസ്ഥാനമാക്കി പഞ്ചായത്തുകൾ രൂപം കൊണ്ടപ്പോൾ 1960 ൽ അന്നത്തെ അഴിയൂരംശം മുഴുവനായി ഉൾപെടുത്തി കൊണ്ടുള്ള അഴിയൂർ പഞ്ചായത്ത്‌ രൂപം കൊണ്ടു. അപ്പോൾ ചോമ്പാല എന്ന കൊച്ചു ഗ്രാമവും അഴിയൂർ പഞ്ചായത്തിന്റെ കീഴിലായി.  ഈ പഞ്ചായത്തിന്റെ തലവനെ ബഞ്ച് മജിസ്ട്രേട്ട് എന്നു വിളിച്ചു വന്നിരുന്നു. വ്യവഹാര കാര്യങ്ങളില്‍ ഇന്നത്തെ പോലെ തന്നെ കക്ഷികള്‍ക്ക് വേണ്ടി വാദപ്രതിവാദം നടത്താന്‍ ചില പ്രത്യേക വ്യക്തികള്‍ ഉണ്ടായിരുന്നു. ഇവരെ പാറവക്കീല്‍ എന്നുവിളിച്ചുവന്നിരുന്നു. അഴിയൂരിലെ അവസാനത്തെ ബഞ്ച് മജിസ്ട്രേറ്റുമാര്‍ മരുന്നറക്കല്‍ ചോയിയും അദ്ദേഹത്തിന്റെ മകന്‍ മരുന്നറക്കല്‍ നാരായണന്‍ എന്ന ആളുമായിരുന്നു. ഈ കോടതി സമ്മേളിച്ചിരുന്നത് മരുന്നറക്കല്‍ തറവാട്ടില്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു. 

              ഴിയൂര്‍ ഉള്‍പ്പെടുന്ന കടത്തനാട് വാഴുന്നവരുടെ ആസ്ഥാനം കുറ്റിപ്പുറത്തായിരുന്നു . കുറ്റിപ്പുറമെന്നത് ഇന്നത്തെ കല്ലാച്ചി പ്രദേശത്തിന് സമീപമാണ്. മയ്യഴി അന്ന് കടത്തനാട് വാഴുന്നവരുടെ അധീനതയിലുള്ള അഴിയൂരിന്റെ ഭാഗമായിരുന്നു. അന്നത്തെ കടത്തനാട് രാജവംശത്തിന്റെ ഓര്‍മ്മക്കായി ഇന്ന് അഴിയൂരില്‍ കണ്ടെത്താന്‍ കഴിയുന്ന ഒരേ ഒരു സ്ഥാപനം പുരാതനമായ അഴിയൂര്‍ ശ്രീപരദേവതാക്ഷേത്രവും അതിനോടനുബന്ധിച്ച് ഇന്ന് റെയില്‍പാതക്ക് പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന അഴിയൂര്‍ക്ഷേത്രചിറയും അതിന്റെ കരയിലുള്ള ഊട്ടുപുരയുമാണ്. ഇതിനെല്ലാം പുറമെ അഴിയൂരിന്റെ പ്രാക്ചരിത്രത്തിന്റെ മൂകസാക്ഷിയായി അഴിയൂര്‍ പിറവിയോടനുബന്ധിച്ച് ചിറയുടെ കരയില്‍ തെക്ക് കിഴക്ക് ഭാഗത്തായി ആല്‍ത്തറയും ആല്‍മരവും ഇന്നും പരിലസിക്കുന്നു. 

             ണ്ണെത്താത്ത ദൂരത്ത് വിശാലമായ മണല്‍പ്പരപ്പ് അതിന്റെ പടിഞ്ഞാറ് ഭാഗത്ത് മദ്ധ്യത്തിലായി കുഞ്ഞിപ്പള്ളി, പള്ളിയുടെ തെക്ക് ഭാഗത്ത് ഏതാണ്ട് ഇരുനൂറ് മീറ്റര്‍ അകലെ ജൌബാലിലെ (ചോമ്പാലിലെ) മാളികപള്ളി എന്ന വലിയപള്ളി (മാനൂപ്പള്ളി), ഈ വലിയ പള്ളിയുടെ അടുത്തായുള്ള ചെറിയ പള്ളിയാണ് ഇന്നത്തെ കുഞ്ഞിപ്പള്ളി. 1942-ല്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ക്വിറ്റിന്ത്യാസമരം ആരംഭിച്ചപ്പോള്‍ മലബാറില്‍ സമരശംഖനാദം ആദ്യം മുഴക്കിയത് അഴിയൂരിലെ ചോമ്പാലിലാണ്.  

          മാഹി വിമോചനസമരത്തിന് അഴിയൂര്‍ എന്നും താങ്ങും തണലുമായിരുന്നിട്ടുണ്ട്.1948 -ല്‍ സമരം നടത്തിയ മയ്യഴിയിലെ ദേശീയവാദികള്‍ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ ജീവപര്യന്തം കഠിന തടവ് അടക്കമുള്ള ശിക്ഷ പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തില്‍ അഴിയൂരില്‍ ചേക്കേറിയ ഇവര്‍ക്ക് മയ്യഴിയില്‍ പ്രവേശിക്കാന്‍ പറ്റാത്ത അവസ്ഥയായി.കടത്തനാട്ടെ പ്രശസ്തമായ നായര്‍ തറവാടായിരുന്നു കെ.കുഞ്ഞിരാമക്കുറുപ്പിന്റെ കുന്നുമ്മല്‍ തറവാട്. ഈ തറവാട്ടിലെ പിന്‍തലമുറക്കാരനായാണ് നെല്ലാച്ചേരിയില്‍ കെ.കുഞ്ഞിരാമക്കുറുപ്പ് ജനിച്ചത്. ഏറാമലയും അഴിയൂരും പ്രവര്‍ത്തന മണ്ഡലമായി സ്വീകരിച്ച കുറുപ്പ് ജീവിച്ചതും മരിച്ചതും അഴിയൂരിലെ കല്ലാമലയിലായിരുന്നു....
കലണ്ടര്‍

1 comment:

Unknown said...

ചോമ്പാൽ പ്രദേഷവുമായി ബദ്ധപ്പെട്ടു കൊണ്ട് ഒരു പാടു ചരിത്രങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോഴത്തേ കുഞ്ഞിപ്പള്ളി ഒരു കുടുബത്തിന്റെതാണെന്നും രേഖകളിൽ കൃതിമം നടത്തി കമ്മിറ്റി കൈക്കലാക്കിയതാണെന്ന്മൊക്കേ....എന്താണ് ഇതിന്റെ സത്യാവസ്ഥ അറിയാൻ താൽപര്യമുണ്ട്..