.................... നന്മയുടെ ഗ്രാമം - ചോമ്പാല......

ആരാധനാലയങ്ങൾ

                                                         ക്ഷേത്രങ്ങൾ

1. കല്ലാമല ശ്രീ ദേവർ പറമ്പ് ക്ഷേത്രം
           ഇതിനു 1200 ൽപരം വർഷങ്ങൾ പഴക്കമുണ്ടെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിനടുത്ത് ആറാട്ടു നടയും വളരെ വലിയ ചിറയും ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്‌. ഈ ചിറ നികത്തി ഇന്ന് വയലായിട്ടാണ് കാണപ്പെടുന്നതെങ്കിലും ഇന്നും അറിയപ്പെടുന്നത് ചിറയിൽ എന്ന പേരിലാണ്.

2. അഴിയൂർ ശ്രീ പരദേവത ക്ഷേത്രം
                 അഴിയൂരിന്റെ പഴയകാല പ്രൌഡി വിളിച്ചോതുന്ന ശിൽപ ഭംഗിയുള്ള ശ്രീകോവിലും പടർന്നു പന്തലിച്ചു നിൽക്കുന്ന കൂറ്റൻ ആൽമരവും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. മുൻപ് കടത്തനാട് രാജാവിന്റെ കീഴിലാണ് ഇത് ഉണ്ടായിരുന്നത്.

3. അഴിയൂർ കോറോത്ത് ശ്രീ നാഗഭഗവതി ക്ഷേത്രം.
             കുഞ്ഞിപ്പള്ളിക്ക് കിഴക്ക് കോറോത്ത് റോഡിനോടു ചേർന്നാണ് ഈ അമ്പലം. വളരെക്കാലം നമ്പൂതിരിമാരുടെ കൈവശം ഉണ്ടായിരുന്ന ഈ അമ്പലം പിന്നീട് ചാളിയാടാൻ കുടുംബമാണ് പരിപാലിച്ചു പോരുന്നത്. എല്ലാവർഷവും കുംഭ മാസത്തില നടക്കുന്ന ഉത്സവത്തിന്റെ അവസാന ദിവസം നടക്കുന്ന മുടിയെഴിന്നള്ളിപ്പിനു നിരവധി പേർ എത്താറുണ്ട്.

4. ചോമ്പാൽ ശ്രീ കൊളരാട് ഗണപതി ക്ഷേത്രം
               പണ്ട് കാലത്ത് നെയ്ത്തുകാരുടെ കേന്ദ്രത്തിലെ ഒരു ആരാധന   കേന്ദ്രമായിരുന്നു ഇത്. ഈ അഴിയൂരിലെ തന്നെ പടിഞ്ഞാറ് ദർശനമായുള്ള ഏക ക്ഷേത്രവും ഇതാണ്. പണ്ട് കാലത്ത് മത സൗഹാർദത്തിന്റെ പ്രതീകമായിരുന്ന ഈ ക്ഷേത്ര പരിസരത്ത് കുഞ്ഞിപ്പള്ളിയിലെ കരകെട്ടി കുടുംബത്തിലെ മുസ്ലിം പ്രമാണിയെ ഉത്സവകാലങ്ങളിൽ പീഠം കൊടുത്തു ഇരുത്തി ആദരിക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു.

5. ചോമ്പാൽ ശ്രീ ആവിക്കര ക്ഷേത്രം
             പുരാതനമായ ഈ ക്ഷേത്രം മുക്കാളിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു കുടുംബക്ഷേത്രം ആണെങ്കിലും ഇവിടുത്തെ ഉത്സവം നമ്മുടെ ഗ്രാമത്തിന്റെ തന്നെ ഒരു ആഘോഷമാണ്. ഉത്സവസമയത്ത് ഇവിടെ നടക്കുന്ന തിറകൾ വളരെ പ്രസിദ്ധമാണ്. ക്ഷേത്രത്തിന്റെ വടക്ക് കിഴക്കായി പൊടിക്കളം ഉണ്ട് . ക്ഷേത്രത്തിലേക്കുള്ള അടിയറ ( ഇളനീർ കാവുകൾ ) ഇവിടെയാണ് സമർപ്പിക്കുന്നത്.

6. അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രം.
             ശ്രീ നാരായണ്‍ ഗുരു ഭക്തജനസഭയുടെ കീഴിലാണ് ഇത് നടത്തിവരുന്നത്. മുൻപ് വേണുഗോപാല ഭജനശാല നിന്നയിടത്താണ് ഇപ്പോൾ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേ മലബാറിൽ വെണ്ണക്കല്ലിൽ പണിത ഗുരുദേവ പ്രതിമ സ്ഥാപിച്ച ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണിത്.

7. അഴിയൂർ ശ്രീ മാനങ്കര ക്ഷേത്രം
                        ഇത് ഒരു കുടുംബ ക്ഷേത്രമാണ്. മാനങ്കര കുടുംബത്തിലെ മൂത്ത കാരണവരാണ് പാരമ്പര്യമായി ഉത്സവം കഴിച്ചു വരുന്നത്. ഉത്സവത്തിന്‌ ഒരാഴ്ച മുൻപ് തെയ്യക്കൊലങ്ങളുടെയും ക്ഷേത്രം വരവുകളുടെയും അധികാരപ്പെട്ട അവകാശികളെ വിളിച്ചു വരുത്തി ജനപങ്കാളിത്തത്തിൽ തീരുമാനിക്കുന്നു.

8. ചോമ്പാൽ ശ്രീ ഭഗവതി ക്ഷേത്രം.
              1957 ൽ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. കൊടുങ്ങല്ലൂരമ്മയുടെ പരമ ഭക്തനായ പട്ടാമ്പുറത്തു ചന്തൻ വൈദ്യർ കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം ആവാഹിച്ചു സ്ഥാപിച്ചതാണ് വെങ്ങളം ഗെറ്റിനു അടുത്തുള്ള ഈ ക്ഷേത്രം. ചോമ്പാലയിലെ എല്ലാ മുകയ സമുദായ അംഗങ്ങളുടെയും കൂട്ടായ അവകാശമാണ് ഇപ്പോൾ നിലനിൽക്കുന്നത്.


                                         ക്രിസ്ത്യൻ ദേവാലയങ്ങൾ 

1, ക്രിസ്റ്റ്യൻ മെമ്മോറിയൽ സി. എസ്. ഐ ചർച്ച്, ചോമ്പാല :

            ബാസൽ മിഷൻ മിഷനറിമാരുടെ പ്രവർത്തനത്താലാണ് ഈ ദേവാലയം സ്ഥാപിതമായത്. ബാസൽ മിഷൻ മിഷനറി ആയിരുന്ന ഡോ. ഹെർമൻ ഗുണ്ടർട്ട് 1839 ൽ നെട്ടൂരിൽ താമസിച്ചു സുവിശേഷ വേല ആരംഭിച്ച കാലത്താണ് ചോമ്പാലയിൽ വിശ്വാസികളുടെ  സമൂഹം രൂപം കൊണ്ടത്. അന്ന് ചോമ്പാലയിലെ ക്രിസ്ത്യാനികൾ ഞായറാഴ്ച തോറും ആരാധനയ്ക്കായി തലശേരിയിലാണ് പൊയ്ക്കൊണ്ടിരുന്നത്. ചോമ്പാലയിൽ വിശ്വാസികളുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്ന് കണ്ടപ്പോൾ ചോമ്പാല കുന്നിന്റെ മുകളിൽ തരിശായി കിടന്നിരുന്ന ഒരു സ്ഥലം കടത്തനാട് പുറമേരി കോവിലകത്ത് രാജാവിനോട് എഴുതി വാങ്ങിയാണ് പള്ളിയും സ്കൂളും സ്ഥാപിച്ചത്. ക്രിസ്ത്യൻ പാതിരിമാർ അവിടെ താമസിക്കുകയും ചെയ്തത് കൊണ്ട് ഇതിനു പാതിരിക്കുന്ന് എന്ന് പേര് വന്നു. 1872 ൽ ലൗഫർ സായിപ്പ് പാതിരിക്കുന്നിൽ ഒരു അനാഥശാല സ്ഥാപിക്കുകയും ചിറക്കലിലെ അനാഥശാല ചോമ്പാലയിലേക്ക് മാറ്റുകയും ചെയ്തു. 1900 നു ശേഷം ജർമൻ മിഷനറി ആയിരുന്ന സിസ്റ്റർ ഫ്രീഡ ചോമ്പാലയിലെ വേലയ്ക്കായി നിയോഗിക്കപ്പെട്ടതോടെ ഇവിടെ ഒരു ആശുപത്രി കൂടി സ്ഥാപിതമായി. ഇത് ക്രിസ്ത്യാനികൾക്ക് മാത്രമല്ല സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന എല്ലാവർക്കും ഒരു ആശാകേന്ദ്രമായിരുന്നു. 1964 ൽ സിസ്റ്റർ എമ്മിക്യുസ് എന്ന ജർമൻ മിഷനറി അനാഥശാലക്ക് ചേർന്ന് ഒരു തുന്നൽ പരിശീലന കേന്ദ്രം കൂടി സ്ഥാപിച്ചു. പിന്നീടു ഈ പള്ളി ക്രിസ്റ്റ്യൻ മെമ്മോറിയൽ സി. എസ്. ഐ ചർച്ച് എന്നറിയപ്പെട്ടു. 150 വർഷം പഴക്കമുള്ള ഒരു സ്ക്കൂളും ഇതിനു സമീപം പ്രവൃത്തിക്കുന്നുണ്ട്. ചോമ്പാലയുടെ ചരിത്രം രചിക്കപ്പെടുമ്പോൾ സമൂഹ നന്മയ്ക്കുവേണ്ടി എന്നും പ്രയത്നിച്ച ബാസൽ മിഷൻ മിഷനറിമാരുടെ സേവനം ആർക്കും ഒരിക്കലും മറക്കുവാൻ കഴിയില്ല.


                                            മുസ്ലിം ദേവാലയങ്ങൾ

1. കുഞ്ഞിപ്പള്ളി
           അഴിയൂരിലെ ചോമ്പാലയിലാണ് നാനാജാതി മതസ്ഥരാൽ ബഹുമാനിക്കപ്പെടുന്നതും കേരളത്തിലെ മുസ്ലിങ്ങൾക്കൊക്കെ സുപരിചിതവും പ്രസിദ്ധവുമായ ഈ പള്ളി സ്ഥിതി ചെയ്യുന്നത്.  ഈ പള്ളി എപ്പോൾ സ്ഥാപിതമായി എന്നത് ചരിത്രത്തിന്റെ സഹായത്തോടെയല്ലാതെ നിർണയിക്കാനാവില്ല. എൻ. എച്ച്. 17 ലൂടെ കടന്നു പോകുന്ന യാത്രക്കാർ പൈസ എറിയുന്ന പള്ളി എന്നതിനപ്പുറം കുഞ്ഞിപ്പള്ളിയുടെ ചരിത്രപരമായ മഹത്വത്തെയും പ്രാധാന്യത്തെയും കുറിച്ച് ആരും മനസ്സിലാക്കിയിട്ടില്ല എന്നത് ഒരു സത്യമാണ്.

2. മുക്കാളി ജുമുഅ മസ്ജിദ്
                ഒരു നൂറ്റാണ്ട് മുൻപ് ഇവിടെ ഒരു നിസ്കാര പള്ളി മാത്രമാണ് ഉണ്ടായിരുന്നത്. ഈ പ്രദേശത്തെ മുസ്ലിങ്ങൾ ജുമുഅ നിസ്കാരത്തിനു പോയിരുന്നത് മാടാക്കരയിലും അഴിയൂരിലുമായിരുന്നു. അങ്ങനെയാണ്. 1960 കളുടെ തുടക്കത്തിൽ ഇവിടെ ജുമുഅ നിസ്കാരത്തിനു തുടക്കം കുറിച്ചത്. പിന്നീട് ജനബാഹുല്യം നിമിത്തം ആരാധനയ്ക്ക് സ്ഥലം തികയാതെ വന്നപ്പോളാണ് 1984 നു ശേഷം ഇന്ന് കാണുന്ന ഈ പള്ളി ഉണ്ടായത്.
           
3. അറക്കൽ പള്ളി
           ചോമ്പാൽ തുറമുഖത്തിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് ഇന്നത്തെ അറക്കൽ പള്ളി സ്ഥിതി ചെയ്യുന്നത്. സ്ഥലപരിമിതി കാരണം വിപുലീകരണം നടത്തിയപ്പോളാണ് പള്ളി ഇന്ന് കാണുന്ന ഈ നിലയില എത്തിയത്.

4. ബീച്ചുമ്മ പള്ളി
         ചോമ്പാലയുടെയും മാടാക്കരയുടെയും ഇടയിൽ തീര ദേശത്താണ് നാനാജാതി മതസ്ഥരാൽ ബഹുമാനിക്കപ്പെടുന്നതും ആയ ഈ പള്ളി സ്ഥിതി ചെയ്യുന്നത്. പുരാതനമായ നിരവധി ഖബറുകൾ നിറഞ്ഞ ഭക്തി നിർഭരമായ സ്ഥലത്താണ് പള്ളി ഉള്ളത്. ആദ്യ കാലത്ത് ഓല മേഞ്ഞ പള്ളിയായിരുന്നു. പിന്നീട് 35 കൊല്ലത്തോളം കഴിഞ്ഞാണ് ഇന്ന് കാണുന്ന രീതിയിൽ പള്ളി പുതുക്കി പണിഞ്ഞത്.

5. ചോമ്പാൽ ജുമാ അത്ത് പള്ളി
            ചോമ്പാൽ ഹാർബറിന്റെ വടക്ക് ഭാഗത്താണ് ചരിത്ര പ്രാധാന്യമുള്ള ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ചിരപുരാതന ഇസ്ലാമിക കുടുംബക്കാരായിരുന്ന വലിയകത്തുകാർ സമ്പന്നരും ഉദാരമതികളും ആയിരുന്നു. എക്കാലവും ദീനി കാര്യങ്ങളിൽ അതീവ താല്പര്യം കാണിച്ചിരുന്ന ഇവരായിരുന്നു ഈ പള്ളി സ്ഥാപിച്ചത്. ഇപ്പോൾ കാണുന്ന ഈ രീതിയിൽ പള്ളി പണി കഴിപ്പിച്ചത് പിന്നീടു വന്ന കമ്മിറ്റിയാണ്. നാനാജാതി മതസ്ഥരാൽ ബഹുമാനിക്കപ്പെടുന്ന ഒരു മഖ്ബറയും പള്ളിയുടെ അടുത്തായുണ്ട്. 

6. ഹാജിയാർ പള്ളി
           അഴിയൂരിലെ മുസ്ലിം ദേവാലയങ്ങളിൽ ശ്രേദ്ധേയമായ ഒന്നാണിത്. പുരാതനമായ ആയിരക്കണക്കിന് ഖബറുകൾ നിറഞ്ഞ ഭക്തി നിർഭരമായ സ്ഥലത്താണ് പള്ളി ഉള്ളത്. ആദ്യകാലത്ത് ഖബർസ്ഥാൻ മാത്രമുണ്ടായിരുന്ന ഇവിടെ ആളുകൾ ജുമുഅ നിസ്കാരത്തിനു പോയിരുന്നത് അഞ്ചാംപീടിക പള്ളിയിലായിരുന്നു. പിന്നീടാണ് ഇവിടെയും പള്ളി നിർമിച്ചതും ആരാധന തുടങ്ങിയതും. 

       





No comments: